കൊല്ലം : പാചകവാതക സിലിണ്ടർ ചോർന്നതറിയാതെ അടുക്കളയിലെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു.മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടില്‍ കെ. ബാലകൃഷ്ണന്റെ ഭാര്യ എൻ. രത്നമ്മയാണ് (74) മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളില്‍ ഉറങ്ങുകയായിരുന്ന ഇവർ ചായയുണ്ടാക്കാൻ അടുക്കള വാതില്‍ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. ശരീരത്തില്‍ തീപിടിച്ചതോടെ അടുക്കളയില്‍നിന്ന് ഹാളിലേക്ക് നിലവിളിച്ചോടിയ രത്നമ്മ ഉടൻ കുഴഞ്ഞുവീണു. നിലവിളി കേട്ടുണർന്ന മകന്റെ ഭാര്യ ചിത്ര വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൊച്ചുമക്കള്‍ ചേർന്ന് രത്നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ടതോടെയാണ് തീ അണഞ്ഞത്.ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രത്നമ്മ അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അർധരാത്രിയാണ് മരിച്ചത്.