പാലക്കാട്: കല്ലേക്കാട് പാളയത്ത് ഉത്സവത്തിനിടെ ആന വിരണ്ടു. ഇതേ തുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മുട്ടിക്കുളങ്ങര വാര്‍ക്കാട് പാളയം സ്വദേശി വി.എസ്.സുബ്രഹ്മണ്യന്‍ (65) മരിച്ചു.11 പേര്‍ക്കു പരുക്കേറ്റു.ആരുടെയും നില ഗുരുതരമല്ല.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.പാളയം മാരിയമ്മന്‍ ക്ഷേത്രത്തില്‍ പൂജാ ഉത്സവത്തിന്റെ എഴുന്നള്ളത്ത് സമാപിച്ചതിന് ശേഷം വെടിക്കെട്ടിനിടെയാണ് ആന വിരണ്ടത്.
ആനയെ അപ്പോള്‍തന്നെ തളച്ചു. ഉത്സവം കാണാനെത്തിയ ജനം ചിതറിയോടി. ഇതിനിടയില്‍ പെട്ടു സുബ്രഹ്മണ്യന്‍ വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.