പാലാ : ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മരിച്ചു. കൊല്ലം പത്തനാപുരം സന്യാസിപുരയിടം നടുക്കുന്നം അസ്‌ലം അയൂബ് (19) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെങ്ങന്നൂര്‍ സ്വദേശി യശ്വന്തിനെ പരിക്കുകളോടെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ടെ കൊല്ലപ്പള്ളി-മേലുകാവ് റൂട്ടില്‍ വാളികുളത്തായിരുന്നു അപകടം. ഇല്ലിക്കക്കല്ല് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈക്ക് എതിരേവന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ പരിക്കേറ്റ യുവാക്കളെ ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസ്‌ലം അയൂബ് യാത്രാമധ്യേ മരണപ്പെട്ടിരുന്നു.