തൊടുപുഴ: എൻജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ പെരുന്പിള്ളിച്ചിറ അല്‍ അസ്ഹര്‍ എൻജിനിയറിംഗ് കോളജ് വിദ്യാര്‍ഥി പത്തനാപുരം മാലൂര്‍ ചരുവിള പുത്തൻവീട്ടില്‍ എ.ആര്‍.അരുണ്‍രാജിനെ(19)യാണ് കോളജിനു സമീപം സ്വകാര്യ ഹോസ്റ്റലില്‍ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എൻജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്നു.ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. കോളജില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ മഠത്തിക്കണ്ടത്തുള്ള സ്വകാര്യ ഹോസ്റ്റലിലെ മുറിയില്‍ ഒറ്റയ്ക്കായിരുന്നു അരുണ്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി മരണം പരാമര്‍ശിച്ചു സമൂഹമാധ്യമത്തില്‍ അരുണ്‍ പോസ്റ്റിട്ടിരുന്നു. പിറ്റേന്ന് ഇതു ശ്രദ്ധയില്‍പ്പെട്ട അടുത്ത മുറികളില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ അരുണിന്‍റെ മുറിയിലെത്തിപരിശോധിച്ചപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് തൊടുപുഴ പോലീസില്‍ വിവരമറിയിച്ചു. ഇവര്‍ ഹോസ്റ്റലിലെത്തി പരിശോധിച്ചപ്പോള്‍ അരുണ്‍ രാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങള്‍ അലട്ടിയിരുന്നതായി പറയുന്നു. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന അരുണ്‍ രാജിനു മറ്റു പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി അറിയില്ലെന്നു സഹപാഠികള്‍ പോലീസിനു മൊഴി നല്‍കി.