കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഓടുന്ന കാറിനുള്ളില്‍ സ്ഫോടനം. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു.
കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാറിനുള്ളിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിങ് ബിരുദധാരിയായ ജമേഷ മുബിന്‍ (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.2019ല്‍ എന്‍ഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തിന് ശേഷവും പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മാരുതി കാര്‍ രണ്ടായി തകര്‍ന്നു. പൊട്ടാത്ത മറ്റൊരു എല്‍പിജി സിലിണ്ടര്‍, സ്റ്റീല്‍ ബോളുകള്‍, ഗ്ലാസ് കല്ലുകള്‍, അലുമിനിയം, ഇരുമ്ബ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെല്‍ട്ടര്‍ ഭാഗികമായി തകര്‍ന്നു. കോയമ്ബത്തൂര്‍ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 23ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.സംഭവം അപകടമാണോ ഗൂഢാലോചനയുടെ ഭാഗമാണോ എന്നറിയാന്‍ അന്വേഷണം നടക്കുകയാണെന്ന് സംഭവസ്ഥലം പരിശോധിച്ച ശേഷം ഡിജിപി പറഞ്ഞു. പൊട്ടാത്തതുള്‍പ്പെടെ രണ്ട് എല്‍പിജി സിലിണ്ടറുകളും മറ്റ് കുറച്ച് സാമഗ്രികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.