കൊല്ലം : കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെതിരെ പ്രതിഷേധം ഉയരുന്നു.കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് വിവിധ സംഘടനകള്‍ ഇന്ന് മാര്‍ച്ച് നടത്തും. അഭിരാമിയുടെ പോസ്റ്റ് മോര്‍ട്ടവും ഇന്ന് നടക്കും.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വീട്ടില്‍ ജപ്തി നോട്ടീസ് കണ്ട കോളേജ് വിദ്യാര്‍ത്ഥിയായ അഭിരാമി മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം വിളിച്ചിട്ടും മുറി തുറക്കാതായതോടെ അയല്‍വാസികളെത്തി കതക് ചവിട്ടി പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നാല് വര്‍ഷം മുന്‍പാണ് വീട് പണിക്കായി അഭിരാമിയുടെ അച്ഛന്‍ കേരള ബാങ്കില്‍ നിന്ന് പതിനൊന്നര ലക്ഷം രൂപ ലോണ്‍ എടുത്തത്. കൊറോണ കാലത്ത് അച്ഛന്റെ ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നര ലക്ഷം രൂപ അടച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ബാക്കി തുക ഉടന്‍ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് നോട്ടീസ് നല്‍കി.