വര്‍ക്കല: മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയില്‍ വെറ്ററിനറി ഡോക്ടറായ സഹോദരന്‍ സഹോദരന്‍ കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം. നാല് വര്‍ഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ സഹോദരന്‍ സന്തോഷ് (49) കുത്തി കൊലപ്പെടുത്തുകയായിരുന്നു. കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സന്തോഷിനെ പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു.പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലില്‍ ജോലിയില്‍ ഇരിക്കവേ ഫിക്സ് വന്ന് നാല് വര്‍ഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സന്തോഷ്, വെറ്ററിനറി ഡോക്ടര്‍ ആയി കട്ടപ്പനയില്‍ ജോലി ചെയ്ത് വരികയായിരുന്നു. തികഞ്ഞ മദ്യപാനിയായ ഇയാള്‍ സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ആവുകയുമായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ ആണ് സന്ദീപ് താമസിച്ചു വന്നിരുന്നത്.
കഴിഞ്ഞദിവസം രാത്രി അമിതമായി മദ്യപിച്ച സന്തോഷ് സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസില്‍ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നല്‍കുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു. ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, നിമിഷങ്ങള്‍ക്കകം കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു.കത്തി പൂര്‍ണ്ണമായും നെഞ്ചില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വര്‍ക്കല പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസ് ആണ് വര്‍ഷങ്ങളായി ശുശ്രൂഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു.