നോംപെൻ : മുതലകളെ വളര്‍ത്തിയിരുന്ന കോണ്‍ക്രീറ്റ് കൂടിനുള്ളിലേക്ക് വീണ 72കാരന് ദാരുണാന്ത്യം. കൂട്ടിലുണ്ടായിരുന്ന 40 മുതലകള്‍ ചേര്‍ന്ന് വൃദ്ധനെ ആക്രമിക്കുകയായിരുന്നു.ഇന്നലെ കംബോഡിയയിലെ സിയാം റീപില്‍ ലുവാൻ നാം എന്നയാളാണ് തന്റെ ഫാമില്‍ വളര്‍ത്തിയിരുന്ന മുതലകളുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടിനുള്ളില്‍ മുട്ടയിട്ട് കിടന്ന ഒരു മുതലയെ വടി ഉപയോഗിച്ച് മാറ്റാൻ ശ്രമിക്കുകയായിരുന്നു ലുവാൻ.എന്നാല്‍ മുതല വടിയില്‍ കടിച്ച് കൂട്ടിനുള്ളിലേക്ക് ശക്തമായി വലിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടമായ ലുവാൻ കാല്‍വഴുതി കൂട്ടിനുള്ളിലേക്ക് വീണു. സെക്കന്റുകള്‍ക്കുള്ളില്‍ കൂട്ടിലുണ്ടായിരുന്ന ഭീമൻ മുതലകള്‍ ചേര്‍ന്ന് ലുവാന്റെ ശരീരം ഛിന്നഭിന്നമാക്കി. ലുവാന്റെ ഒരു കൈ മുതല കടിച്ചെടുത്ത് ഭക്ഷിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ലുവാന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കൂട്ടിനുള്ളില്‍ നിന്ന് വീണ്ടെടുക്കാനായത്.മുതല ഫാം ഉടമകളുടെ സംഘടനയുടെ പ്രാദേശിക പ്രസിഡന്റായിരുന്നു ലുവാനെന്ന് പൊലീസ് പറയുന്നു. മുതലകളെ വളര്‍ത്തുന്നത് അവസാനിപ്പിക്കാൻ കുടുംബം ഏറെ നാളായി ലുവാനോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം തന്റെ ജോലിയുമായി മുന്നോട്ട് പോവുകയായിരുന്നു.