തുംകുരു: കര്‍ണാടകയിലെ തുംകുരുവില്‍ മൂന്ന് വയസ്സുകാരനോട് അങ്കണവാടി ജീവനക്കാരിയുടെ ക്രൂരത.തുടര്‍ച്ചയായി ട്രൗസറില്‍ മൂത്രം ഒഴിച്ച കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ അങ്കണവാടി ജീവനക്കാരിക്കെതിരെ തുംകുരു പൊലീസ് കേസെടുത്തു. കേവലം മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനോടാണ് ഈ കൊടും ക്രൂരത. തുംകുരുവിലെ ചിക്കനായകനഹള്ളി താലൂക്കിലെ ഗൊദെകെരെ ഗ്രാമത്തിലെ അങ്കണവാടിയിലാണ് സംഭവം. കുട്ടി അങ്കണവാടിയില്‍ ഉള്ള സമയം ട്രൗസറില്‍ മൂത്രമൊഴിക്കുന്നത് ആവര്‍ത്തിച്ചപ്പോഴാണ് ജീവനക്കാരിയായ രശ്മി തീപ്പെട്ടികൊള്ളി ഉരച്ച് കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്.കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് ജനനേന്ദ്രിയത്തില്‍ പൊള്ളലേറ്റത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വീട്ടുകാരുടെ പരാതിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നടപടി സ്വീകരിക്കുകയായിരുന്നു. തുടര്‍ച്ചയായി മൂത്രമൊഴിക്കുന്ന പ്രവണതയുള്ളതിനാല്‍ കുട്ടിയെ ശുചിമുറി ഉപയോഗിക്കാന്‍ ശീലിപ്പിക്കണമെന്ന് അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. തീപ്പെട്ടി കൊള്ളി ഉരച്ച് ഭീഷണിപ്പെടുത്തി മൂത്രമൊഴിക്കാന്‍ ശീലിപ്പിക്കുതിനിടെ അബദ്ധത്തില്‍ പൊള്ളലേറ്റതാണെന്നാണ് അങ്കണവാടി ജീവനക്കാരിയുടെ മൊഴി.