തായ്‌വാൻ : തായ്‌വാനില്‍ 24 മണിക്കൂറിനുള്ളില്‍ 80ല്‍ അധികം ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കിഴക്കന്‍ കൗണ്ടിയായ ഹുവാലീനില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി എണ്‍പതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില്‍ ഏറ്റവും തീവ്രതയേറിയ ഭൂചലനം, ഭൂകമ്പമാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തി.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും അനുഭവപ്പെട്ട ഭൂചലനത്തില്‍ തായ്‌പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. അതേസമയം ഭൂകമ്പത്തില്‍ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഏപ്രില്‍ മൂന്നിന് ഹുവാലീനിലുണ്ടായ ഭൂചലനത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.