ആലപ്പുഴ : മാന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം . കഴിഞ്ഞ ദിവസം തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് കടിച്ചുകീറി.മാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡില്‍ കുട്ടംപേരൂർ പ്രശാന്തി വർഷിണിയില്‍ ക്ഷീരകർഷകനായ സജീവിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന 3 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് നായ്ക്കള്‍ ആക്രമിച്ച് കടിച്ചുകീറിയത്. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കള്‍ പശുക്കിടാവിനെ ആക്രമിച്ചത്.
വീടിന് പുറത്ത് ബഹളം കേട്ട് സജീവ് പുറത്തിറങ്ങിയപ്പോഴേക്കും പശു കിടാവിനെ നായ്ക്കള്‍ കടിച്ചു കീറിയിരുന്നു. അലഞ്ഞ് തിരഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കള്‍ അക്രമകാരികളായി മാറുന്നത് ജങ്ങളെ ഭീതിയിലാക്കുകയാണ്.മാന്നാർ ടൗണില്‍ മാർക്കറ്റ് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, പൊലീസ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളില്‍ തെരുവ് നായ് ശല്യം രൂക്ഷമാണ്. തൃക്കുരട്ടി അമ്ബലത്തിനു കിഴക്കുവശം, തന്മടിക്കുളത്തിന്റെ കരകള്‍, കുരട്ടിക്കാട് കോട്ടയ്ക്കല്‍ കടവ് പാലം, ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് ഭാഗം, കുറ്റിമുക്ക്, പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളിലും പകലും രാത്രിയും തെരുവ് നായ്ക്കൂട്ടങ്ങളുടെ കേന്ദ്രങ്ങളാണ്.