തിരുവനന്തപുരം :- തലസ്ഥാനത്ത് വൻ വിജയകരമായി നടന്നു വരുന്ന 27-ാം മത് അന്താരാഷ്ട ഫിലിം ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ വ്യാപകമായി ഉയർന്നു വരുന്നത് സംഘാടകരായ ചലച്ചിത്ര അക്കാദമിക്ക് തലവേദനയായി മാറുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെയും വിദേശത്തെയും ചലച്ചിത്ര പ്രതിഭകൾ പങ്കെടുക്കുന്ന മേള സംഘാടകരുടെ പിടിപ്പുകേടു മൂലം വ്യാപകമായ ആക്ഷേപങ്ങൾക്കും കാരണമായി തീർന്നതായി ജയകേസരിയുടെ റിപ്പോർട്ടർമാരുടെ അന്വേഷണത്തിൽ വെളിവാകുന്നു. ഏതൊരുവിധ സംവിധാനവുമില്ലാതെ പാസുകൾ വൻ തോതിൽ വിറ്റഴിച്ചതു മൂലം സിനിമ ആസ്വദിക്കാനെത്തിയവർക്ക് തലവേദനയും ഏറെ ക്ലേശങ്ങളും അനുഭവിക്കേണ്ടി വന്നു. തിയേറ്ററുകളിൽ എത്തി ചേർന്ന സിനിമ പ്രേമികളിൽ ഭൂരിപക്ഷവും യുവജനങ്ങളാണ്. പ്രായമേറിയ സിനിമ പ്രേമികൾ മുൻകൂട്ടി റിസർവ്വ് ചെയ്തുവെങ്കിലും യുവജനങ്ങളുടെ മസിൽ പിടുത്തത്തിൽ അവർക്ക് ക്യൂ നിൽക്കേണ്ടി വരികയും സീറ്റ് കിട്ടാതെ വരുകയും ചെയ്തു. ഇതിനെ തുടർന്ന് മുതിർന്നവർ സിനിമ മോഹം ഉപേക്ഷിച്ചു. പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ എല്ലാ ദിവസവും കയ്യാങ്കളിയാണ് നടക്കുന്നത്. ചലച്ചിത്ര അക്കാദമിയുമായി ചങ്കാത്തം നടിച്ചു നടക്കുന്ന കുറെ പേർ ഇവിടെ രാവിലെ മുതൽ വൈകുന്നേരം വരെ ഓരോ സ്റ്റാളും കൈക്കലാക്കി . വൈകുന്നേരമാകുമ്പോൾ സിനിമ കാണാനെത്തുന്ന സിൽബന്ധികൾക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുന്ന കാഴ്ചയും ഈ ലേഖകന് കാണുവാൻ സാധിച്ചു. ചലച്ചിത്ര അക്കാഡമി ഉദ്യോഗസ്ഥരേക്കാൾ
ഭരണം ഇവിടെ നടത്തുന്നത് ഇത്തരക്കാരാണ്. ചില ഫിലിം സൊസൈറ്റികൾ ടാഗോർ തിയേറ്ററിൽ സ്റ്റാൾ എടുത്തിരിക്കുന്നത് അവരുടെ കാര്യസാദ്ധ്യത്തിനാണെന്നും ആക്ഷേപമുണ്ട്. മമ്മൂട്ടിയുടെ ഒരു ചിത്രം കാണുവാൻ ടാഗോറിൽ തടിച്ചു കൂടിയ സിനിമ പ്രേമികൾ സീറ്റ് കിട്ടാത്തതിനാൽ വൻ പ്രതിഷേധമാണുണ്ടാക്കിയത്. മുതിർന്നവരാകട്ടെ തിക്കിലും തിരക്കിലു പ്പെട്ട് ആകെ അവശരാവുകയും ചെയ്തു. ഇവിടങ്ങളിൽ പ്രശ്നപരിഹാരത്തിന് ചലച്ചിത്ര അക്കാദമിയുടെ ബന്ധപെട്ടവരാരും ഉണ്ടായിരുന്നില്ല. ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശന മേളയിൽ മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ പ്രത്യേകമായൊരു ഫോട്ടോ സെക്ഷൻ ഒരുക്കാത്ത അക്കാദമിയുടെ തെറ്റായ നയത്തിനെതിരെ ഇതിനകം തന്നെ സിനിമാ പ്രേമികൾ വ്യാപകമായ പ്രതിഷേധമുയർത്തി കഴിഞ്ഞതും ചർച്ചാ വിഷയമാണ്. മലയാള സിനിമയെ വാണിജ്യവൽക്കരിച്ച പ്രേം നസീറിനെ ഏതെങ്കിലുമൊരു ഫോട്ടോ സെക്ഷനിൽ മൂന്ന് ഫോട്ടോകൾ വച്ചിട്ട് പ്രേംനസീറിനെ അവഗണിച്ചില്ലാ എന്ന് അക്കാദമി പറയുന്നത് വിരോധാഭാസമാണെന്നാണ് ചലച്ചിത്ര പ്രേമികൾ പറയുന്നത്.
ഇത്തരം വേദികൾ വരുമ്പോൾ മലയാള സിനിമക്ക് വിലപെട്ട സംഭാവനകൾ നൽകിയ പ്രഗത്‌ഭരെ ഒരു പോലെ കാണേണ്ടതാന്നെന്നാണ് പലരുടെയും അഭിപ്രായം. ചലച്ചിത്ര അക്കാദമി മുൻ കാലങ്ങളിൽ പ്രവർത്തനങ്ങൾ സുതാര്യമാക്കിയപ്പോൾ ഇപ്പോൾ പലരുടെയും വാക്കുകൾ കേട്ട് പ്രവർത്തിക്കുന്നതിനാലാണ് 27-ാമത് ചലച്ചിത്രോത്സവം പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി തീർന്നതെന്ന പൊതു അഭിപ്രായം ഉയരുന്നത്.
Total Views: 15700