മലപ്പുറം : കെഎസ്‌ആര്‍ടിസി ബസില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം; കുത്തിയ യുവാവ് കഴുത്തറുത്ത് ആത്മഹത്യക്കും ശ്രമിച്ചു.മൂന്നാര്‍ ബംഗളൂരു സ്വിഫ്റ്റ് ബസില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നോടെ മലപ്പുറം വെന്നിയൂരില്‍ വച്ചായിരുന്നു അക്രമം. ഗൂഢല്ലൂര്‍ ചെമ്ബക്കൊല്ലി വീട്ടില്‍ വാസുവിന്റെ മകള്‍ സീനയ്ക്കാണ് കുത്തേറ്റത്. വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ആക്രമിച്ചത്. ഇരുവര്‍ക്കും 30നടുത്ത് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു.
യുവതി അങ്കമാലിയില്‍നിന്നും യുവാവ് എടപ്പാളില്‍നിന്നുമാണ് ബസില്‍ കയറിയത്. ഇരുവരും ബസിന്റെ പിന്‍വശത്തെ സീറ്റുകളിലായിരുന്നു. ബസ് ചങ്കുവെട്ടിയില്‍ ഭക്ഷണത്തിനായി നിര്‍ത്തിയിരുന്നു. തുടര്‍ന്നുള്ള യാത്രയില്‍ വെന്നിയൂരിലെത്തിയപ്പോഴാണ് കത്തിപോലുള്ള ആയുധംകൊണ്ട് യുവാവ്യുവതിയുടെ നെഞ്ചില്‍ കുത്തിയത്. യുവാവ് സ്വയം കഴുത്തറുക്കാനും ശ്രമിച്ചു. ഇരുവരെയും ഉടന്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരും പരിചയത്തിലുള്ളവരാണ് എന്നാണ് സൂചന.