പോത്തന്‍കോട് : മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്പനയ്ക്കായി കൊണ്ടുവന്ന മുടപുരം സ്വദേശി പിടിയില്‍. മുബാറക് എന്ന നൗഷാദ്(50) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കഴക്കൂട്ടം എക്സസൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. സുധീഷ് കൃഷ്ണയുടെ നേതൃത്വത്തില്‍ മുരുക്കുംപുഴ കോഴിമട ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സിന്തറ്റിക് ഇനത്തില്‍പ്പെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എ 8.45 ഗ്രാം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പകല്‍ ആക്രി വ്യാപാരം നടത്തുന്ന ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയാണ്. ആക്രി വ്യാപാരത്തിന്റെ മറവില്‍ ഇയാള്‍ വ്യാപകമായി ചെറുപ്പക്കാര്‍ക്ക് മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു. എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ ഏറെനാളായി ഇയാളുടെ പ്രവര്‍ത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. കഴക്കൂട്ടം മേഖലയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി ഓട്ടോറിക്ഷ ഡ്രൈവര്‍ എന്ന വ്യാജേന മയക്കുമരുന്നുമായി എത്തിയപ്പോഴാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.