ഇല്ലാത്ത അധികാരത്തിന്റെ പേരിൽ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ച് വ്യാപാരികളിൽ നിന്നും സർക്കാർ ഈടാക്കിയ പിഴ പലിശ സഹിതവും പിടിച്ചെടുത്ത ഉൽപ്പന്നങ്ങളും തിരികെ നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ ശ്രീ. എസ്. എസ്. മനോജ് ആവശ്യപ്പെട്ടു. ബഹു. ഹൈക്കോടതി ഉത്തരവ് കേരളത്തിലെ വ്യാപാരികൾക്ക് തികഞ്ഞ പ്രതീക്ഷയാണ് നൽകുന്നത്. പ്ലാസ്റ്റിക്കിനോട് വ്യാപാരിൾക്ക് പ്രത്യേക താൽപര്യമില്ല. എന്നാൽ അതു വരെ ജി. എസ്. റ്റി. അടച്ച് നിയമപരമായി കടകളിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ ഉൽപ്പങ്ങളാണ് ഉദ്യോഗസ്ഥ റെയ്ഡുകളിലൂടെ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ പകുതി വിലയ്ക്ക് മറ്റു ചാനലിലൂടെ മാർക്കറ്റിൽ സുലഭമായിരുന്നൂവെന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. പിടിച്ചെടുത്ത സാധനങ്ങളുടെ ആഡിറ്റിങ്ങും നടത്തണം.
ഇതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന വ്യാപാരികളും കേരളത്തിലുണ്ട്. നിരോധനത്തിന് സംസ്ഥാന സർക്കിരിന് അധികാരമില്ലാ എന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവരോട് ബന്ധപ്പെട്ട അധികാരികൾ പരസ്യമായി മാപ്പ് പറയണം. ഈ മേഖലയിലെ നിരവധി ഉൽപാദകർക്കും വിതരണക്കാർക്കും കച്ചവടക്കാർക്കും സ്ഥാപനം പൂട്ടേണ്ടി വന്നു. ഇതിന് എന്തു പരിഹാരമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് തുറന്നു പറയണം.