തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സാസ്‌കാരിക പരിപാടികളിലൊന്നായ ദേശീയ യുവസംഘത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ യുവതീയുവാക്കള്‍ക്ക് അവസരം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ ബി എസ് ബി) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന യുവസംഘത്തില്‍ യുവജനങ്ങള്‍ക്ക് തങ്ങളുടെ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംബാസിഡറര്‍മാരായി പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 18നും 30നും ഇടയില്‍ പ്രായമുള്ള പ്രൊഷഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ (ഓണ്‍ലൈന്‍ പഠനം നടത്തുന്നവര്‍/വിദൂരവിദ്യാഭ്യാസം നേടുന്നവര്‍), എന്‍ എസ് എസ് / എന്‍ വൈ കെ എസ് വോളന്റിയര്‍മാര്‍/ സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് യുവസംഘത്തില്‍ പങ്കെടുക്കാം. ഈ മാസം 25 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. ഐ ഐ ഐ ടി കോട്ടയമാണ് കേരളത്തിലെ നോഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.
5-7 ദിവസം നീണ്ടുനില്‍ക്കുന്ന യുവസംഘം വിദ്യാര്‍ത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും രാജ്യത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും പഠിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് നല്‍കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവസംഘത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://ebsb.aicte-india.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.