തിരുവല്ല: കിടപ്പു രോഗിയായ വയോധികയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുമ്പ്രം കോച്ചാരിമുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (83) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് ഫോറന്‍സിക് വിദഗ്ധരും വിരല്‍ അടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഏലിയാമ്മയുടെ മൃതദേഹം കിടപ്പുമുറിക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ബന്ധുക്കളും സമീപവാസികളും എത്തുമ്പോഴേക്ക് മൃതദേഹം ഏതാണ്ട് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചത്. സംഭവം സംബന്ധിച്ച് അടുത്ത ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഫോറന്‍സിക്സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ സാഹചര്യ തെളിവുകള്‍ ശേഖരിക്കുകയും അടുത്ത ബന്ധുക്കളുടെയും നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.