ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന്‍റെ സഹോദരന് പ്രഭാത നടത്തത്തിനിടെ വെടിയേറ്റു. ബൈക്കിലെത്തിയ സംഘമാണ് മൗവിലെ ഭിത്തി മേഖലയിലെ ബിജെപി പ്രാദേശിക നേതാവിന്‍റെ സഹോദരന് നേരെ വെടിയുതിര്‍ത്തത്. ബിജെപി പിന്നോക്ക വിഭാഗ മോര്‍ച്ചയുടെ ജില്ലാ വൈസ് പ്രസിഡന്‍റ് ഭോല ചൗരസ്യയുടെ സഹോദരന്‍ അഭിമന്യു ചൗരസ്യ (22)ക്കാണ് വെടിയേറ്റത്.
വെള്ളിയാഴ്ച രാവിലെ വീടിന് പുറത്തേക്ക് പ്രഭാത നടത്തത്തിനായി ഇറങ്ങിയ അഭിമന്യുവിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഭവം.
അഭിമന്യുവിന് നേരെ അക്രമികള്‍ മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് അഭിമന്യുവിന്‍റെ വലത് കൈയ്യിലും കൈകാലുകളിലും ഇടുപ്പിലും പരിക്കേറ്റിട്ടുണ്ട്. അഞ്ച് ബൈക്കുകളിലാണ് അക്രമികളെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഉടനെ തന്നെ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചു.