കൊച്ചി : ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ അനധികൃത പടക്ക നിര്‍മ്മാണ – സംഭരണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമകളിലൊരാള്‍ മരിച്ചു, തൊട്ടടുത്ത വീടുകളിലെ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു.20 ലേറെ വീടുകള്‍ക്ക് സാരമായ കേടുപാടുണ്ടായി. എറണാകുളം വരാപ്പുഴ മുട്ടിനകത്ത് ഇന്നലെ വൈകിട്ട് 5.15നാണ് നാടിനെ നടുക്കിയ ഉഗ്രസ്ഫോടനമുണ്ടായത്. തകര്‍ന്ന കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ലഭിച്ച മൃതദേഹം ഉടമകളില്‍ ഒരാളായ മുട്ടിനകത്ത് ഈരയില്‍ ഡേവിസിന്റേതാണെന്ന് രാത്രി വൈകിയാണ് തിരിച്ചറിഞ്ഞത്.ഈരയില്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പടക്കശാല. സംഭവസമയത്ത് ഉടമകളായ ജാന്‍സണ്‍, ഡേവിസ് എന്നിവരും അന്യസംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളുമാണ് കമ്പനിയില്‍ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.പടക്കശാല പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. തൊട്ടടുത്തുള്ള വിജു വിന്‍സന്റിന്റെ വീടും ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നു. വിജുവിന്റെ ഭാര്യ ഫ്രെഡീന, മക്കളായ ഇസബല്‍ (6), എസ്തര്‍ (4), എല്‍സ (3) എന്നിവര്‍ക്കും സമീപവാസി കൂരാന്‍ വീട്ടില്‍ മത്തായി, മകന്‍ അനീഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരും ജാന്‍സണും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഫോടനത്തിന്റെ ആഘാതത്തിലും തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചുവീണുമാണ് സമീപത്തെ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്. കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഏറെ വീടുകളുടെ ജനാലച്ചില്ലുകളും വാതിലുംതകര്‍ന്നു. ചില വീടുകളുടെ ഭിത്തിയും മേല്‍ക്കൂരയും വിണ്ടുകീറി. സ്പോടനത്തിന് പിന്നാലെ പരിസരമാകെ പുകപടലങ്ങള്‍ നിറഞ്ഞതിനൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളിയും ഉയര്‍ന്നതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ ആളുകള്‍ ഭയന്നുവിറച്ചു. കളമശേരി, ഏലൂര്‍, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി ഏറെ നേരം വെള്ളമൊഴിച്ച ശേഷമാണ് പുകയും പൊടിയും അടങ്ങിയത്. ഇതിനിടയിലും ചെറിയ സ്ഫോടനങ്ങള്‍ ആവര്‍ത്തിച്ചു. പിന്നീട് എറണാകുളത്തുനിന്ന് അഗ്നിരക്ഷാസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ എത്തി.രാത്രി വൈകിയും പരിസരത്തുനിന്ന് പുകയുയരുന്നുണ്ട്. സംഭവം നടന്നയുടന്‍ കെ.എസ്.ഇ.ബി ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ ആറ് മണിക്ക്ശേഷം പ്രദേശത്ത് കനത്ത ഇരുട്ട് വ്യാപിച്ചതും ദുരന്തനിവാരണത്തെ ബാധിച്ചു.