റിയാദ്: കനത്ത മഴയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. സൗദി പൗരനായ സാലിം അല്‍ ബഖമി എന്ന അറുപത് വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജിദ്ദയില്‍ പെയ്ത കനത്ത മഴയിലാണ് ഇയാളെ കാണാതായത്.
ജിദ്ദയ്ക്ക് സമീപം ബഹ്റയില്‍ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ വെള്ളക്കെട്ടിലാണ് സാലിം അല്‍ ബഖമിയെ കാണാതായത്. വെള്ളക്കെട്ടില്‍ അദ്ദേഹത്തിന്റെ കാര്‍ ഒഴുക്കില്‍പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അദ്ദേഹത്തിന്റെ കാര്‍ വാദി ഫാത്തിമക്ക് സമീപം കണ്ടെത്തിയെങ്കിലും സാലിം അല്‍ ബഖമിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുരക്ഷാ വകുപ്പുകളും സിവില്‍ ഡിഫന്‍സും നാഷണല്‍ ഗാര്‍ഡും നാവിക സേനയും സന്നദ്ധ സേവന സംഘങ്ങളും കൂടി തെരച്ചില്‍ നടത്തിവരികയായിരുന്നു.വാദിഫാത്തിമയില്‍ നിന്നും തന്നെയാണ് മൃതദേഹവും കണ്ടെടുത്തത്.