തിരുവനന്തപുരം :സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേർക്കുണ്ടായ ബോംബാക്രമണത്തിന് പിന്നാലെ പോലീസ് കനത്ത ജാഗ്രതയിൽ തിരുവനന്തപുരത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. കണ്ണൂരിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. കണ്ണൂർ ഡിസിസി ഓഫീസിനും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനും സുരക്ഷ വർധിപ്പിച്ചു. നൈറ്റ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. എ കെ ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലേക്കാണ് ഇന്നലെ രാത്രി 11.30ഓടെ ബോംബെറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നും സ്‌കൂട്ടറിൽ വന്ന ഒരാൾ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ശേഷം ഇയാൾ അതിവേഗം ഓടിച്ചുപോകുകയായിരുന്നു.