ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 86 ആം മിനുട്ടിൽ എഡ്വേർഡ് ബെല്ലോ നേടിയ അക്രോബാറ്റിക് ഗോളാണ് വെനിസ്വേലക്ക് സമനില നേടിക്കൊടുത്തത്. വിരസമായ ആദ്യ പകുതിക്ക് ശേഷം ഗബ്രിയേലിന്റെ ഗോളാണ് ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്.ഇതോടെ പരാഗ്വേക്കെതിരെ ഒരു ഗോൾ ജയം നേടിയ അര്ജന്റീന ബ്രസീലിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
ബ്രസീലിന്റെ മുന്നേറ്റത്തോടെ വെനിസ്വേലക്കെതിരായ മത്സരം ആരംഭിച്ചത് . വിനീഷ്യസ് ജൂനിയർ – നെയ്മർ – റോഡ്രിഗോ – റിചാലിസൺ എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റ നിരയെയാണ് ബ്രസീൽ മത്സരത്തിൽ അണിനിരത്തിയത്. 13 ആം മിനുട്ടിൽ നെയ്മറുടെ മികച്ചൊരു ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയി. 21 ആം മിനുട്ടിൽ ബോക്‌സിന് പുറത്ത് നിന്നും പാസ് സ്വീകരിച്ച് റോഡ്രിഗോ തൊടുത്ത ഷോട്ട് തടയാൻ വെനിസ്വേല കീപ്പർ റാഫേൽ റോമോ ഒരു റിഫ്ലെക്‌സീവ് സേവ് പുറത്തെടുത്തു.
ബ്രസീലിനെ ഞെട്ടിച്ച് കൊണ്ട് 86 ആം മിനുട്ടിൽ മനോഹരമായ ഗോളിലൂടെ വെനിസ്വേല സമനില പിടിച്ചു. വലതു വിങ്ങിൽ നിന്നും ബോക്സിലേക്ക് കൊടുത്ത ക്രോസ്സ് എഡ്വേർഡ് ബെല്ലോ സിസർ കിക്കിലൂടെ ബ്രസീലിയൻ വലയിലെത്തിച്ചു. അവസാന മിനിറ്റുകളിൽ വിജയ ഗോളിനായി ബ്രസീൽ കഠിനമായി ശ്രമിച്ചുകൊണ്ടിരുന്നു.