താനെ: കാമുകിയെ കാര്‍ കയറ്റി കൊല്ലാൻ ശ്രമിച്ച കേസില്‍ മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകൻ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മഹാരാഷ്ട്ര റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷൻ മാനേജിങ് ഡയറക്ടര്‍ അനില്‍ ഗെയ്ക്വാദിന്റെ മകൻ അശ്വജിത് ഗെയ്ക്വാദ്, റോമില്‍ പട്ടേല്‍, സാഗര്‍ ഷെഡ്ഗെ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ആഡംബര കാറുകളും പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ ഇൻഫ്‌ളൂവൻസറായ പ്രിയ സിങിന്റെ പരാതിയില്‍ ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു അറസ്റ്റ്. ഈ മാസം 11നു നടന്ന സംഭവത്തില്‍ പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി വിഷയം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കിഇതോടെയാണ് കേസിന് അനക്കം വെച്ചതും അന്വേഷണം അശ്വജിത്തിലെത്തിയതും. ഇൻസ്റ്റഗ്രാമില്‍ 11 ലക്ഷം ഫോളോവേഴ്‌സ് ഉള്ളയാളാണ് പ്രിയ. ഡിസംബര്‍ 11 ന് വൈകിട്ട് ഘോഡ്ബന്ദര്‍ റോഡിലെ ഒരു ഹോട്ടലിന് സമീപത്തുവച്ചാണ് പ്രിയ സിങ് (26) ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ചികിത്സയിലാണ്.സംഭവദിവസം പുലര്‍ച്ചെ തന്നെ വിളിച്ചു വരുത്തിയ അശ്വജിത് തങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ മര്‍ദിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തുവെന്ന് പ്രിയ പറയുന്നു. അശ്വജിത്തിന്റെ കാറില്‍ നിന്ന് തന്റെ ബാഗ് എടുത്ത് പോകാൻ തുനിഞ്ഞപ്പോള്‍ അശ്വജിത് ഡ്രൈവറോട് കാര്‍ മുന്നോട്ടേടുക്കാൻ ആവശ്യപ്പെട്ടു.കാര്‍ ഇടിച്ചു വലതുകാലിന് പരുക്കേറ്റ തനിക്ക് ശസ്ത്രക്രിയ വേണ്ടി വന്നു.