മലപ്പുറം: ചങ്ങരംകുളം ഒതളൂരില്‍ മാങ്ങ പറിച്ചതിന് കുട്ടികളെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്തു.ഒതളൂര്‍ സ്വദേശിയായ സലീം എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ആറിന് ഒതളൂര്‍ പൊലിയോടം പാടത്താണ് മാങ്ങ പറിക്കാനായി പറമ്പില്‍ കയറിയ കുട്ടികള്‍ക്ക് നേരെ തോട്ടം ഉടമയുടെ അക്രമം ഉണ്ടായതായി പറയുന്നത്. പാവിട്ടപ്പുറം എപിജെ നഗറില്‍ താമസിക്കുന്ന റസല്‍, ഹംസ, സിറാജുദ്ധീന്‍, സൂര്യജിത്ത്, മിര്‍സാന്‍ എന്നീ കുട്ടികളെയാണ് തോട്ടം ഉടമ അക്രമിച്ചത്. ഒമ്പത് മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ ആക്രമിച്ചത്.ഫുട്ബോള്‍ കളിക്കാനെത്തിയ കുട്ടികള്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കയറി കണ്ണി മാങ്ങ പറിക്കുകയായിരുന്നു. ഉടമ വരുന്നത് കണ്ട് കുട്ടികള്‍ ഓടിയെങ്കിലും പിറകെ ഓടി വന്ന ഉടമ കുട്ടികളെ തടഞ്ഞ് മര്‍ദിക്കുകയും ഷര്‍ട്ട് ഊരി വാങ്ങിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.