തിരുവനന്തപുരം: സ്വാമി ചിന്മയാനന്ദജിയുടെ 108-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചിന്മയ മിഷൻ്റെ ആഭിമുഖ്യത്തിൽ 18 ദിവസത്തെ ചിന്മയ ഭഗവദ്ഗീത ജ്ഞാനസത്രം സംഘടിപ്പിക്കുന്നു. മെയ് 14 മുതൽ 31 വരെ തിരുവനന്തപുരം മണക്കാട് ചിന്മയ പദ്മനാഭയിലാണ് ഈ ബൃഹദ് യജ്ഞം. ഭഗവദ്ഗീതയിലെ 18 അദ്ധ്യായങ്ങൾ 18 ദിവസങ്ങളിലായി വ്യാഖ്യാനിക്കുന്നു. സമ്പൂർണ്ണ ഗീതാപാരായണം, ഗീത ശാങ്കര ഭാഷ്യ പാരായണം, ഗുരുപാദുക പൂജ , ഗീത അർച്ചന, ഭജന എന്നിവയും ഷഡ്ദർശനങ്ങൾ വേദാംഗങ്ങൾ, ഉപവേദങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ച, പ്രഭാഷണം എന്നിവയുമുണ്ടാകും. സ്വാമി വിവിക്താനന്ദ, സ്വാമി അശേഷാനന്ദ, സ്വാമി ചിദാനന്ദപുരി ,സ്വാമി രമണചരണ തീർത്ഥ തുടങ്ങി ചിന്മയമിഷനിലെയും മറ്റ് ആശ്രമങ്ങളിലേയും സന്യാസി ശ്രേഷ്ഠരുൾപ്പെടെയുള്ള 50 ൽ പരം പ്രമുഖർ പ്രഭാഷകരായി എത്തും. ദിവസവും രാവിലെ 5.30 മുതൽ രാത്രി 8 വരെ വിവിധ പരിപാടികൾ ഉണ്ടാകും. മെയ് 8 ന് ചിന്മയജയന്തിയും 12 ന് ശങ്കര ജയന്തിയും ആഘോഷിക്കും.