മലപ്പുറം: വഴിക്കടവില്‍ കോളറ പടരുന്നു. ഇന്നലെ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ പഞ്ചായത്തില്‍ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.രോഗ ലക്ഷണങ്ങളുള്ള 35 പേര്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളുള്ളവരെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സമീപ പഞ്ചായത്തായ എടക്കരയിലും ഒരാള്‍ക്ക് കോളറ രോഗം സംശയിക്കുന്നുണ്ട്.
സമാനരോഗ ലക്ഷണം കാണിച്ച രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേ സമയം കോളറ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അഡീഷണല്‍ പബ്ലിക് ഹെല്‍ത് ഡയരക്ടര്‍ ഡോ സക്കീനയുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ സംഘം വഴിക്കടവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.അടുത്ത ഒരാഴ്ച നിര്‍ണായകമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ഡോ സക്കീന മുന്നറിയിപ്പ് നല്‍കി. കാരക്കോടന്‍ പുഴയിലെ വെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. കാരക്കോടന്‍ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന വാര്‍ഡുകളിലാണ് കോളറ ലക്ഷണം പടരുന്നത്.പുഴയിലെ വെള്ളം പരിശോധനക്കായി എടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ മാലിന്യം കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധനക്ക് ശേഷമേ വ്യക്തത വരുത്താനാവൂയെന്ന് ഡോ സക്കീന പ്രതികരിച്ചത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ പരിഹാരം കാണണം. കാരക്കോടന്‍ പുഴയിലേക്ക് മലിന ജലം ഒഴുകുന്നത് തടയാന്‍ സ്ഥിരം സംവിധാനം ഒരുക്കണം.ജലനിധി കിണര്‍ ശുദ്ധീകരിക്കുകയും ആരോഗ്യ വകുപ്പിന്റെ നിയമ പ്രകാരമുള്ള ക്ലോറിനേഷന്‍ നടത്തുകയും എല്ലാ ദിവസവും വെള്ളം പമ്പ് ചെയ്യുന്നതിന് മുമ്പ് ക്ലോറിന്റെ അളവ് പരിശോധിക്കുകയും വേണം. അതിനായി ഒരു മോണിറ്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തും.