വടകര: ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെന്ന പരാതിയില്‍ യുവാവിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി ഒളവിലം പള്ളിക്കുനി വരയാലില്‍ ജംഷീദിനെയാണ് (28) ചോമ്പാല എസ്‌ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ കാവുമ്പടി തില്ലങ്കേരി സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. നസീറ എന്ന പേരില്‍ വാട്സ്‌ആപ് സന്ദേശമയച്ച് അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മാഹി റെയില്‍വേ സ്റ്റേഷനിലെത്തിച്ച യുവാവിനെ ബൈക്കില്‍ കയറ്റി പള്ളൂരിലെ എടിഎമ്മില്‍ കൊണ്ടുവന്ന് അരലക്ഷം കൈക്കലാക്കിയെന്നാണു പരാതി. പിന്നീട് ഫോണ്‍പേ വഴി 11,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. സമാനമായ രീതിയില്‍ ജംഷീദ് മറ്റാരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. മുമ്പ് ലഹരിമരുന്നു കേസില്‍ പ്രതിയായിട്ടുണ്ടെന്ന് ജംഷീദ് പോലീസിനോട് സമ്മതിച്ചു.