കണ്ണൂർ : സര്‍ക്കസ് കുലപതിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ ജെമിനി ശങ്കരന്‍(99) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു. തിങ്കള്‍ പകല്‍ 11 മുതല്‍ വാരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം ചൊവ്വാഴ്ച പയ്യാമ്പലത്ത്.1924 ജൂണ്‍ 13ന് തലശേരിക്കടുത്ത് കൊളശേരിയില്‍ കവിണിശേരി രാമന്‍ നായരുടെയും മൂര്‍ക്കോത്ത് കല്യാണിയമ്മയുടെയും മകനായി ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തലശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴില്‍ മൂന്നു വര്‍ഷം സര്‍ക്കസ് പഠിച്ചു. ഇതിനിടെ പലചരക്ക് കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്നശങ്കരന്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു.
1946ല്‍ സര്‍ക്കസ് സ്വപ്നങ്ങളമായി തലശേരിയില്‍ തിരിച്ചെത്തി. എം കെ രാമനില്‍നിന്ന് തുടര്‍പരിശീലനം നേടി. രണ്ടുവര്‍ഷത്തിനുശേഷം കൊല്‍ക്കത്തയിലെത്തി ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായി ചേര്‍ന്നു. പിന്നീട് നാഷണല്‍ സര്‍ക്കസില്‍. ഹൊറിസോണ്ടല്‍ ബാര്‍, ഫ്ലൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളില്‍ വിദഗ്ധനായിരുന്നു ശങ്കരന്‍. റെയ്മന്‍ സര്‍ക്കസിലും അദ്ദേഹം ഏറെനാള്‍ ജോലിചെയ്തു. 1951ല്‍ വിജയ സര്‍ക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നുപേരിട്ടു. 1951 ആഗസ്ത് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദര്‍ശനം. 1977 ഒക്ടോബര്‍ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സര്‍ക്കസ് കമ്പനിയായ ജംബോ സര്‍ക്കസ് ആരംഭിച്ചു.