കാട്ടാക്കട: കാട്ടാക്കട സി.പി.എം ഏരിയാ കമ്മിറ്രി ഓഫീസിന് മുന്നില്‍ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച രാത്രി 10.40ഓടെയാണ് സംഭവം.
സി.പി.എം ഏരിയാ സെക്രട്ടറിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളാണെന്ന് ആരോപിച്ച് സമീപത്തെ കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവിഭാഗവും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൂടുതല്‍ ബി.ജെ.പി – സി.പി.എം പ്രവര്‍ത്തകരും സംഘടിപ്പിച്ചതോടെ ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ കോവില്‍വിള യൂണിറ്റ് സെക്രട്ടറി എം. മനു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപു എന്നിവരെ കാട്ടാക്കട കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ബി.ജെ.പി പ്രവര്‍ത്തകരായ ശംഭു, വിഷ്ണു, ശ്രീരാഗ് എന്നിവരെ കാട്ടക്കടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.