മുളന്തുരുത്തി: സെമിത്തേരിയില്‍ പ്രവേശിച്ചതിനെച്ചൊല്ലി മുളന്തുരുത്തിയില്‍ യാക്കോബായ – ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം.ഇന്നലെ രാവിലെ 11 നാണ് സംഭവം. പരേതരുടെ ഓര്‍മ്മ ആചരിക്കുന്നതിന്റെ ഭാഗമായി യാക്കോബായ സഭ വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തില്‍ സെമിത്തേരിയില്‍ പ്രവേശിച്ചു പ്രാര്‍ത്ഥന നടത്തുന്നതിനിടെ ഓര്‍ത്തഡോക്‌സ് വിഭാഗം സെമിത്തേരിയുടെ ഗേറ്റ് പുറത്തുനിന്നും പൂട്ടിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. മുളന്തുരുത്തി പോലീസിന്റെ നേതൃത്വത്തില്‍ ഇരു വിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പള്ളി പരിസരത്ത് തടിച്ചു കൂടിയ ജനങ്ങള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ഉന്തുംതള്ളുമായി. വൈദികര്‍ ഉള്‍പ്പെടെ ഇരു വിഭാഗങ്ങളിലെ 11 പേര്‍ക്ക്‌പരുക്കേറ്റു. പരുക്കേറ്റവര്‍ മുളന്തുരുത്തി ആശുപത്രിയില്‍ ചികിത്സ തേടി.
ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാക്കോബായ വിശ്വാസികളെ യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ നടത്തിയ യോഗത്തില്‍ തന്നാണ്ട് വികാരി ഫാ:പൗലോസ് ചാത്തോത്ത്, ഫാ.ബിജു കാവാട്ട്, ഫാ: ഡാര്‍ലി എടപ്പക്കാട്ടില്‍, ഫാ: ബേസില്‍ ഷാജു കുറൂര്‍, ഫാ: ബേസില്‍ ബേബി പറമ്ബാത്ത് എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് പള്ളിക്ക് മുന്നില്‍ യാക്കോബായവിഭാഗം പ്രതിഷേധ യോഗം കൂടുന്നതിനിടെ ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികളെത്തി യാക്കോബായ വിശ്വാസികളെ ആക്രമിച്ചതായി ആരോപിച്ച് രാത്രിയിലും സംഘര്‍ഷമുണ്ടായി.