നെയ്യാറ്റിന്‍കര: സഹപാഠി നല്‍കിയ ആസിഡ് കലര്‍ത്തിയ ശീതള പാനീയം കുടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍സോഫിയ ദമ്ബതികളുടെ മകന്‍ അശ്വിന്‍ (11) ആണ് മരിച്ചത്. ശീതള പാനിയം കുടിച്ച് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു.മൂന്നാഴ്ചത്തെ ചികിത്സയ്‌ക്കൊടുവിലാണ് കുട്ടിയെ മരണം കൊണ്ടു പോയത്. അതേസമയം കുട്ടിക്ക് ആരാണു പാനീയം നല്‍കിയതെന്നു ഇനിയും കണ്ടെത്താനായിട്ടില്ല. പൊലീസ് ഇത് അന്വേഷിച്ചു വരികയാണ്. സ്‌കൂളിലെ ഏതോ ഒരു വിദ്യാര്‍ത്ഥിയെന്ന് മാത്രമേ അറിയൂ.
കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തില്‍ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു ശുചിമുറിയില്‍ പോയി മടങ്ങുമ്ബോള്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി ‘കോള’ എന്ന പേരില്‍ പാനീയം കുടിക്കാന്‍ തന്നുവെന്നാണു കുട്ടിയുടെ മൊഴി. അന്ന് തന്നെ കുട്ടിക്ക് അസ്വസ്ഥത തുടങ്ങി. പിറ്റേദിവസം ജ്വരബാധിതനായി അവശനിലയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഛര്‍ദിയും കടുത്ത ശ്വാസംമുട്ടലുമായി 27 ന് അശ്വിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.