ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാംമാസവും വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ പൊതുമേഖല എണ്ണ വിതരണകമ്പനികള്‍ കുറവുവരുത്തി.ഇന്നലെ സിലിണ്ടറിന് (19 കിലോഗ്രാം) 83.50 രൂപയാണ് കുറച്ചത്. അതേസമയം തുടര്‍ച്ചയായ മൂന്നാം മാസവും വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില കുറയ്ക്കാൻ എണ്ണവിതരണ കമ്പനികള്‍ തയ്യാറായില്ല.വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത് ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസമേകുന്നതാണ്. മൂന്ന് മാസംകൊണ്ട് 347 രൂപയുടെ കുറവുണ്ടായി.ഇതോടെ കൊച്ചിയില്‍ വില 1,779.5 രൂപയായി. കഴിഞ്ഞ മാസത്തെ വില 1,863 രൂപയായിരുന്നു.തിരുവനന്തപുരത്ത് 1,800.50 രൂപയും കോഴിക്കോട്ട് 1,812 രൂപയുമാണ് പുതുക്കിയ വില. ഉപയോക്താക്കള്‍ ഇതിന് പുറമേ 18 ശതമാനം ജി.എസ്.ടിയും നല്‍കണം.