ശാസ്താംകോട്ട: മനക്കര മണ്ണെണ്ണ മുക്കിനു സമീപം വീട്ടില്‍നിന്ന് 55 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്നതായി പരാതി.ശാസ്താംകോട്ട മനക്കര വൃന്ദാവനില്‍ റിട്ട. പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാറിന്റെ വീട്ടിലാണ് ആളില്ലാത്ത സമയം മോഷണം നടന്നത്. ദിലീപ് കുമാറും കുടുംബവും കൊച്ചിയില്‍ ഡോക്ടറായ മകന്റെ വീട്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച രാവിലെ പോയിരുന്നു.
ശനിയാഴ്ച രാത്രി 11ഓടെ മടങ്ങി എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ മുന്‍ ഭാഗത്തെ ഗ്രില്ലുകളും വാതിലും തുറന്നിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ താഴത്തെയും മുകളിലത്തെയും നിലകളില്‍ വസ്ത്രങ്ങളടക്കം വാരിവലിച്ചിട്ട നിലയിലാണ് കണ്ടത്.അലമാരയുടെ പൂട്ട് പൊളിച്ചാണ് അതിനകത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നത്. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.