ഇടുക്കി: സിപിഎം ഇടവെട്ടി ലോക്കല്‍ സമ്മേളനത്തില്‍ സംഘര്‍ഷം. പുതിയ ലോക്കല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.ഇതോടെ താന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പുതിയ സെക്രട്ടറി പ്രഖ്യാപിച്ചു. എന്നാല്‍, പുതിയ ലോക്കല്‍ സെക്രട്ടറി തന്നെ, സെക്രട്ടറി ആയി തുടരണമെന്ന് നേതൃത്വം നിലപാട് എടുത്തു. സിപിഎം ഈസ്റ്റ് ഏരിയ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഫൈസല്‍, സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മേല്‍ക്കമ്മിറ്റിയില്‍ നിന്ന് എത്തിയിരുന്നത്. ശനിയാഴ്ച നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 59 പ്രതിനിധികളില്‍ ഭൂരിഭാഗവും പഴയ സെക്രട്ടറി തന്നെ തുടരണമെന്ന നിലപാടിലായിരുന്നു. 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. എന്നാല്‍, മറ്റൊരാളാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി വന്നത്. ഇത് അറിഞ്ഞതോടെ പ്രതിനിധികള്‍ ക്ഷുഭിതരായി. ഒരു ക്ഷേമനിധി ബോര്‍ഡ്ചെയര്‍മാനാണ് അട്ടിമറിക്ക് പിന്നിലെന്ന് ആരോപിച്ച് തര്‍ക്കമുണ്ടായി. ഇത് കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു.
ഒടുവില്‍ ചുമതല ഏറ്റെടുക്കാന്‍ കഴിയില്ലെന്നുകാട്ടി പുതിയ സെക്രട്ടറി കത്ത് നല്‍കി. ഇത് ശരിയല്ലെന്ന് നേതൃത്വം അറിയിച്ചു. ഐകകണ്‌ഠ്യേനയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തതെന്നാണ് നേതൃത്വം പറയുന്നത്.