കൊച്ചി: എറണാകുളം അമ്പലമേടില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. അഞ്ച് പശുക്കളാണ് ചത്തത്. വാഹനം ഇടിച്ചാണ് പശുക്കള്‍ ചത്തതെന്നാണ് വിവരം. റോഡരികില്‍ നിരനിരയായി പശുക്കള്‍ ചത്ത നിലയില്‍ കിടക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെ ഒരു ടോറസ് വാഹനം പശുക്കളെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എഫ് സി എ കോമ്ബൗണ്ടില്‍ മേയാനിറങ്ങിയ പശുക്കള്‍ റോഡിലേക്കിറങ്ങിയപ്പോഴാണ് അപകടം. ഫാക്ടറിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച് കിടക്കുന്ന 52 ഏക്കര്‍ സ്ഥലത്ത് പശുക്കള്‍ ധാരാളമുണ്ട്.വര്‍ഷങ്ങളായി ഇവിടെ പെറ്റുപെരുകിയതാണ് ഈ കന്നുകാലികൂട്ടം. ഇവ ഇടയ്ക്ക് റോഡില്‍ ഇറങ്ങുമ്പോള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. എന്നാല്‍ ഇത്രയധികം പശുക്കള്‍ ഇങ്ങനെ ചാവുന്നത് ആദ്യമാണ്. ഇവിടെ നിന്നും പശുക്കളെ ഇറച്ചിയ്ക്കായി രഹസ്യമായി പിടിച്ചുകൊണ്ടുപോകുന്നതും പതിവാണ്.