പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് : പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കൊലയ്ക്ക് ശേഷം പ്രതികള്‍ എത്തിയത് ചന്ദ്ര നഗറിലെ ബാറിലായിരുന്നു. ഇവിടെ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 9:50 നാണ് പ്രതികളിലെ മൂന്ന് പേര്‍ ബാറില്‍ എത്തിയത്. 10:20 വരെ ബാറില്‍ തുടര്‍ന്നു. ബൈക്കിലാണ് പ്രതികളെത്തിയതെന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇതിന്‍്റെ തെളിവുകളും പൊലീസ് ശേഖരിച്ചു. ബാര്‍ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.പാലക്കാടിനെ നടുക്കി ഓഗസ്റ്റ് 14 നാണ് ക്രൂര കൊലപാതകമുണ്ടായത്. കേസിലെ എല്ലാ പ്രതികളും 48 മണിക്കൂറിനുള്ളില്‍ പൊലീസ് പിടിയിലായി. ഒളിവിലായിരുന്ന 6 പ്രതികളാണ് ഇന്നലെ പിടിയിലായത്. മലമ്ബുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. രണ്ട് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. ഇതോടെ ഷാജഹാന്‍ കൊലക്കേസില്‍ 8 പ്രതികളും പിടിയിലായി. പ്രതികളുടെ അറസ്റ്റ് ഇന്ന്‌ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജന്‍, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയില്‍നിന്ന് പിടിയിലായത്. അനീഷ് ആണ് ഷാജഹാനെ ആദ്യം വെട്ടിയത്. കാലിലായിരുന്നു വെട്ടിയത്. ഷാജഹാന്‍ ഓടിപ്പോകാതിരിക്കാന്‍ ആയിരുന്നു ഇത്. തുടര്‍ന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. കൊലയ്ക്ക് വേണ്ട് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയായിരുന്നു മറ്റ് പ്രതികള്‍. ഇതില്‍ മൂന്നാം പ്രതി നവീനെ പട്ടാമ്ബിയില്‍ നിന്നും ആറാം പ്രതി സിദ്ധാര്‍ത്ഥനെ പൊള്ളാച്ചിയില്‍ നിന്നും ഇന്നലെ രാവിലെ പിടികൂടിയിരുന്നു. ആയുധങ്ങള്‍ എത്തിച്ച്‌ നല്‍കിയത് നവീന്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പാലക്കാട്ടെ ഒരു ഹോട്ടലില്‍ പ്രതികള്‍ ഒത്തുകൂടിയിരുന്നു. തുടര്‍ന്ന് മൂന്ന് സംഘങ്ങളായി ഒളിവില്‍ പോകുകയായിരുന്നു.
കൊലപാതകം നടന്ന് 48 മണിക്കൂറിനകം പ്രതികളെ എല്ലാം പിടികൂടാനായത് പൊലീസിന് നേട്ടമായി. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളാണ് ഇനി കണ്ടെത്തേണ്ടതുള്ളത്. ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ നല്‍കുന്ന മൊഴി നിര്‍ണായകമാകും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × four =