പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍. കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷംവീട് കോളനിക്കു സമീപമുള്ള പാടത്താണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.രണ്ടുപേരെ കാണ്മാനില്ലെന്ന് കസബ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് ഇന്നലെ വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്.
തെരച്ചിലിനിടെ പാടത്ത് മണ്ണിളകി കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചതില്‍ ഒരു മൃതദേഹത്തിന്‍റെ കാല്‍ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റൊരു മൃതദേഹവും ഉണ്ടെന്ന നിഗമനത്തിലെത്തിയത്. എന്നാല്‍ വെളിച്ചക്കുറവു മൂലം മൃതദേഹം പുറത്തെടുത്തിട്ടില്ല. ഇന്നു രാവിലെ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കും. ഞായറാഴ്ച വേനോലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട്കൊട്ടേക്കാട് സ്വദേശികളായ നാലു യുവാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ കരിങ്കരപ്പുള്ളിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
എന്നാല്‍, കഴിഞ്ഞദിവസം നാലു പേരും പുറത്തിറങ്ങിയെങ്കിലും രണ്ടുപേര്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് യുവാക്കളെ കാണാനില്ലെന്ന പരാതിയില്‍ പോലീസും, നാട്ടുകാരും അന്വേഷണം നടത്തിവരികയായിരുന്നു.ഇന്ന് രാവിലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി വിശദവിവരം പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.