കിളിമാനൂര്‍: അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി യുവാവിന്റെ അസ്ഥികള്‍ ചിതയില്‍ നിന്ന് ശേഖരിച്ച് പരിശോധനയ്ക്കായി അയച്ച് പൊലീസ് ഫൊറന്‍സിക് വിഭാഗം. നഗരൂര്‍ നെടുംപറമ്ബ് ശ്രീജിത്ത് ഭവനില്‍ എസ്.ശ്രീജിത്തിന്റെ(30) അസ്ഥികളാണ് ഡിഎന്‍എ പരിശോധനയ്ക്കായി സംസ്‌കാരം നടത്തി 17-ാം ദിവസം ശേഖരിക്കുന്നത്. മകന്റെ മരണം കൊലപാതകം ആണെന്നാണ് ശ്രീജിത്തിന്റെ കുടുംബം സംശയിക്കുന്നത്. ശ്രീജിത്തിന്റെ മാതാവ് സുശീലയുടെ പരാതിയിലാണ് ഇപ്പോള്‍ അസ്ഥികള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങുന്നത്.മകന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ കൊലപാതകമെന്ന് സംശയിച്ച കുടുംബം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. റീ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങി മോര്‍ച്ചറിയില്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട പൊലീസ് കലക്ടറുടെ നിര്‍ദ്ദേശം നടപ്പാക്കിയില്ല. സെപ്റ്റംബര്‍ 22ന് നാട്ടിലെത്തിച്ച മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് ദഹിപ്പിച്ചത്. ചിത കത്തി പകുതി ആയപ്പോഴാണ് പൊലീസ് വീട്ടില്‍ എത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം കൊണ്ടു വരുന്ന വിവരം സ്റ്റേഷനില്‍ അറിയിക്കാന്‍ വീട്ടുകാരോട് നിര്‍ദ്ദേശം നല്‍കിയിരുന്നതായും വിവരം യഥാസമയം സ്റ്റേഷനില്‍ അറിയിച്ചില്ല എന്നുമാണ് നഗരൂര്‍ പൊലീസ് പറയുന്നത്.മൃതദേഹം മാറി പോയെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അബുദാബിയില്‍ അല്‍ഗസല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനിയിലായിരുന്നു ശ്രീജിത്തിനു ജോലി. ദിവസവും വീട്ടിലേക്ക് ഫോണ്‍ വിളിക്കുമായിരുന്നു. ഓഗസ്റ്റ് 6ന് ശേഷം ഫോണ്‍ വിളി നിലച്ചു. തിരികെ വിളിച്ചു എങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. കമ്ബനിയില്‍ അന്വേഷിച്ചപ്പോള്‍ ജുലൈ 7 മുതല്‍ ഒക്ടോബര്‍ 2 വരെ അവധിയില്‍ ആണെന്ന വിവരമാണ് ലഭിച്ചത്. ഇതിനിടെ ഓഗസ്റ്റ് 8ന് ഡെയ്‌സി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി ശ്രീജിത്തിന്റെ നഗരൂരിലെ വീട്ടില്‍ എത്തിയിരുന്നു. മൂന്നാം തീയതി ശ്രീജിത്ത് വീട്ടില്‍ വരുമെന്നും പറഞ്ഞിരുന്നതായും വന്നോ എന്ന് അന്വേഷിക്കാനാണ് എത്തിയതെന്നുമാണ് യുവതി പറഞ്ഞത്.ഇതിനു ശേഷമാണ് മകനെ ഗള്‍ഫില്‍ കാണാനില്ല എന്ന പരാതി നഗരൂര്‍ പൊലീസില്‍ നല്‍കിയിരുന്നു.