കൊച്ചി: എറണാകുളം ജില്ലയില്‍ പനിബാധിതര്‍ വര്‍ധിക്കുന്നു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തോട് അടുത്തു.കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശം നല്കി.ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ഡയറിയ(അതിസാരം) തുടങ്ങിയവ മൂലം ചികിത്സ തേടുന്നവര്‍ വര്‍ധിച്ചുവരുകയാണ്. കടുത്ത ക്ഷീണവും ശരീരവേദനയും അനുഭവപ്പെടുന്ന വൈറല്‍ പനിയും കൂടിയിട്ടുണ്ട്. മിക്കവരും വീടുകളില്‍തന്നെ സ്വയം ചികിത്സ ചെയ്യുന്നതിനാല്‍ ആരോഗ്യ വകുപ്പ് നല്കുന്നതിനേക്കാള് അധികമായിരിക്കും പനി ബാധിതരുടെ എണ്ണം. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ചയും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിച്ചു. ജില്ലയില്‍ ഇതുവരെ 10 പേര് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു; 14 പേര് എലിപ്പനി ബാധിച്ചും. 191 പേര്‍ക്ക് എലിപ്പനിയും 203 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു . കൊച്ചി കോര്പറേഷന് പരിധിയിലും തൃക്കാക്കര, കളമശ്ശേരി, ആലുവ മുനിസിപ്പാലിറ്റികളിലുമാണ് ഡെങ്കിപ്പനിയും എലിപ്പനിയും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത്.ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളില്‍ 43 ശതമാനവും കോര്പറേഷന് പരിധിയിലാണ്.