കൊച്ചി: ലഹരി വസ്തു വിതരണം ചെയ്യുന്നത് തടയാനെത്തിയ പിങ്ക് പൊലീസ് ഓഫിസര്‍മാരെ ആക്രമിച്ച സ്ത്രീ പിടിയില്‍.കൊല്‍ക്കത്തക്കാരിയായ സീമയാണ് പിടിയിലായത്. ആലുവയിലെ ശിശുഭവനിലെ കുട്ടികള്‍ക്കു ലഹരിവസ്തു വിതരണം ചെയ്യുന്നതു തടയുന്നതിനിടെയാണ് ആക്രമണം.
ആലുവ നഗരത്തിലുള്ള അനാഥമന്ദിരത്തിലെ കുട്ടികള്‍ക്കു ലഹരി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതായി പൊലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രദേശം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിങ്ക് പൊലീസ് നിരീക്ഷണം തുടരുന്നതിനിടെയാണ് ലഹരിമരുന്നുമായി ഉച്ചയോടെ സീമ എത്തിയത്. ആലുവ ജില്ലാ ആശുപത്രി കവലയിലെത്തി കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ കൈമാറാന്‍ ശ്രമിക്കവെ പിങ്ക് പൊലീസ് ഇവരെ വളഞ്ഞു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സീമ പൊലീസുകാരെ അക്രമിക്കുക ആയിരുന്നു.
സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എം നിഷ, സ്‌നേഹലത എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. നിഷയുടെ കൈക്കും കാലിനും പരുക്കേറ്റു. വനിതാ പൊലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ കൂടുതല്‍ പൊലീസെത്തി കീഴടക്കി. പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.അനാഥാലയത്തിലെ കുട്ടികള്‍ക്കു ലഹരിമരുന്നു നല്‍കി മാഫിയയുടെ കണ്ണികളാക്കാനുള്ള ശ്രമമാണെന്നു സംശയിക്കുന്നു