മല്ലപ്പള്ളി: ചുങ്കപ്പാറയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം ചുങ്കപ്പാറ-കോട്ടാങ്ങല്‍ റോഡില്‍ പ്രസ് പടിക്കു സമീപം ബൈക്ക് യാത്രക്കാരന് തെരുവുനായുടെ കടിയേറ്റിരുന്നു.കടിച്ച നായെ നാട്ടുകാര്‍ പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നു.എന്നാല്‍, അടുത്ത ദിവസം നായ് ചത്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നായുടെ ജഡം തിരുവല്ല പക്ഷി രോഗ നിര്‍ണയ കേന്ദ്രത്തില്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതില്‍ നായ്ക്ക് പേ വിഷബാധയുള്ളതായി സ്ഥിരീകരിച്ചതായാണ് അറിയുന്നത്. നായുടെ കടിയേറ്റയാള്‍ താലൂക്ക് ആശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ടൗണിലും പരിസരങ്ങളിലും നായ് ശല്യം രൂക്ഷമാണ്. ബസ്സ്റ്റാന്‍ഡിനുള്ളില്‍ നിരവധി നായ്ക്കളാണ് അലഞ്ഞു നടക്കുന്നത്. ചുങ്കപ്പാറ- പൊന്തന്‍പുഴ റോഡില്‍ പഴയ തിയറ്റര്‍ പടിയില്‍ കാല്‍നടക്കാരെയും ബൈക്ക് യാത്രക്കാരെയും തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ വരുന്നത് പതിവാണ്.