തിരുവനന്തപുരം: ഇ- പോസ് മെഷീനുകൾ പണിമുടക്കിയതിനെ തുടർന്ന് തുടര്‍ന്ന് റേഷൻ കാർഡ് മസ്റ്ററിങ് ഭാഗികമായി നിർത്തിവെച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. മഞ്ഞ കാർഡുകാർക്ക് ഇന്ന് തന്നെ മസ്റ്ററിങ് നടത്താൻ ശ്രമിക്കും. പിങ്ക് കാർഡുകാർക്ക് മറ്റൊരു ദിവസം മസ്റ്ററിങ് നടത്തും. അരി വിതരണം മൂന്ന് ദിവസം പാടില്ലെന്ന് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റേഷന്‍ വിതരണത്തിന്‍റെ കാര്യത്തില്‍ ക്രമീകരണം ഏർപ്പെടുത്തും. ആർക്കും റേഷൻ മുടങ്ങുന്ന അവസ്ഥ വരില്ല. ഈ മാസത്തെ വിതരണം വേണ്ടിവന്നാല്‍ അടുത്ത മാസം ആദ്യവും നടത്തുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യം വന്നാല്‍ മസ്റ്ററിങ് മൂന്നോ നാലോ ദിവസത്തേക്ക് കൂടി നീട്ടും. ഇന്നത്തെ മസ്റ്ററിങ് മഞ്ഞ കാർഡുകാർക്ക് മാത്രമുള്ളതാണ്. പിങ്ക് കാർഡുകാർക്ക് മസ്റ്ററിങ് എന്ന് മുതലെന്ന് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റേഷൻ വിതരണം ഇന്ന് പൂർണമായും നിർത്തണമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ്ങിനൊപ്പം റേഷൻ വിതരണം കൂടി നടന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജി ആർ അനിൽ പറഞ്ഞു.
ഇന്ന് 8 മണി മുതല്‍ മസ്റ്ററിങ് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഒരു കാര്‍ഡ് പോലും മസ്റ്റര്‍ ചെയ്യാൻ കഴിഞ്ഞില്ല. രാവിലെ മുതല്‍ നിരവധി പേരാണ് വിവിധയിടങ്ങില്‍ കാത്തിരുന്നത്.