തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാൻ കഴിയാത്ത കുട്ടികള്‍ക്ക് വരെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് ലഭിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമര്‍ശനം.എസ്.എസ്.എല്‍.സി പരീക്ഷയുടെ മുന്നോടിയായി ചോദ്യപേപ്പര്‍ തയാറാക്കുന്ന അധ്യാപകര്‍ക്കായി എസ്.സി.ഇ.ആര്‍.ടിയില്‍ നവംബര്‍ 22ന് നടത്തിയ ശില്‍പശാലയിലായിരുന്നു പരീക്ഷാ കമീഷണര്‍ കൂടിയായ ഡയറക്ടര്‍ എസ്. ഷാനവാസിന്‍റെ വിമര്‍ശനം. പ്രസംഗത്തിന്‍റെ ശബ്ദരേഖ പുറത്തുവന്നു. എല്ലാ വര്‍ഷവും 69,000 കുട്ടികള്‍ക്ക് വരെ മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുന്നെന്നും അക്ഷരം കൂട്ടിവായിക്കാൻ കഴിയാത്തവര്‍ പോലും അതിലുണ്ടെന്ന് നല്ല ഉറപ്പുണ്ടെന്നും ഡയറക്ടര്‍ പറയുന്നു. പരീക്ഷ രജിസ്റ്റര്‍ നമ്ബര്‍ അക്കത്തില്‍ എഴുതാൻ അറിയുമെങ്കിലും അക്ഷരത്തില്‍ എഴുതാൻ അറിയില്ല.തെറ്റായി എഴുതിയത് അധ്യാപകൻ കണ്ടുപിടിക്കാത്തതിനാല്‍ 12 ഓളം പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അങ്ങനെ എഴുതാൻ അറിയാത്ത കുട്ടിക്കാണ് എ പ്ലസ് നല്‍കുന്നത്. ഇല്ലാത്ത ഒരു കഴിവ് ഉണ്ട് എന്നുപറയുന്ന വലിയ ചതിയാണ് കുട്ടിയോട് ചെയ്യുന്നത്. ഇല്ലാത്ത മെറിറ്റ് ഉണ്ടെന്ന് കുട്ടിയോട് പറയുകയാണ് ചെയ്യുന്നത്. കുട്ടികളെ ജയിപ്പിക്കുന്നതിന് ഞാൻ എതിരല്ല. 50 ശതമാനത്തില്‍ അത് നിര്‍ത്തണം. അതിനു ശേഷമുള്ള മാര്‍ക്ക് വിദ്യാര്‍ഥി നേടിയെടുക്കണം.അതില്ലാതെ പോയാല്‍ നമ്മള്‍ വിലയില്ലാത്തവരായി മാറും. ഇതെല്ലാം കെട്ടുകാഴ്ചയായി മാറും. പരീക്ഷകള്‍ പരീക്ഷകളാകുക തന്നെ വേണം.