തളങ്കര: സ്‌കൂള്‍ അധ്യാപകരുടെ ബൈകുകള്‍ കത്തിച്ച സംഭവത്തില്‍ വയോധികൻ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വി പി സൈതലവി (58) ആണ് പിടിയിലായത്. ചിട്ടി നടത്തിപ്പിലൂടെ വി പി സൈതലവിക്ക് അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായും അതിന്റെ വിഷമത്തില്‍ ആയിരുന്നു ഇയാളെന്നും അതിനെ തുടര്‍ന്നാണ് ബൈകുകള്‍ക്ക് തീവച്ചതെന്നും പൊലീസ് പറയുന്നു. അതേസമയം അധ്യാപകരുമായി വി പി സൈതലവിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ കാസര്‍കോട് ഭാഗത്തേക്ക് വന്നതെന്നും പൊലീസ് വ്യക്തമാക്കി.തിങ്കളാഴ്ച പുലര്‍ചെയാണ് തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈകുകള്‍ കത്തിച്ചത്. മസ്ജിദിന്റെ വാടക ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന മലപ്പുറം പുളിക്കല്‍ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത് ഹയര്‍ സെകൻഡറി സ്‌കൂളിലെ അധ്യാപകനുമായ യു നജ്‌മുദ്ദീന്റെ കെ എല്‍ 60 എഫ് 1887 നമ്പര്‍ പള്‍സര്‍ ബൈകും മേല്‍പറമ്പ് ഗവ. ഹയര്‍ സെകൻഡറി സ്‌കൂളിലെ അധ്യാപകനായ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്റെ കെ എല്‍ 10 ഡബ്ള്യു 6612 ഹീറോ ഹോൻഡ ബൈകുമാണ് കത്തിനശിച്ചത്.