നെയ്യാറ്റിന്‍കര: രണ്ട് മാസത്തെ വാടക കിട്ടാത്തതില്‍ പ്രകോപിതനായ വീട്ടുടമ വാടക വീട് മുഴുവന്‍ കരി ഓയിലൊഴിച്ച് വൃത്തികേടാക്കി. തിരുവനന്തപുരം കൈതമുക്ക് സ്വദേശി സതീഷാണ് (48) വാടക കുടിശികയുടെ പേരില്‍ നെയ്യാറ്റിന്‍കര കൂട്ടപ്പന മഹാദേവക്ഷേത്രത്തിന് സമീപത്ത് വാടകയ്ക്ക് നല്‍കിയിരുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് മുറി ഷീറ്റിട്ട വീട് മുഴുവന്‍ കരി ഓയിലൊഴിച്ച് വൃത്തികേടാക്കിയത്.ഒരു കെട്ടിടത്തെ മൂന്ന് ഭാഗമായി തിരിച്ച് മൂന്ന് കുടുംബങ്ങളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്.5000 രൂപ അഡ്വാന്‍സും 1750 രൂപ പ്രതിമാസം വാടകയും നല്‍കി ഊരൂട്ടുകാല മണലൂര്‍ ചരല്‍ക്കല്ലുവിള വീട്ടില്‍ ഉണ്ണി (48), മകന്‍ നിഖില്‍ (20) എന്നിവരാണ് കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. കൂലിപ്പണിക്ക് പോകുന്ന ഉണ്ണിയും വര്‍ക്ക്ഷോപ്പ് പണിക്ക് പോകുന്ന നിഖിലും ജോലി കഴിഞ്ഞ് വ്യാഴാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട് മുഴുവൻ വൃത്തികേടായി കിടക്കുന്നത് കണ്ടത്. സമീപ വീട്ടിലാണ് വീടിന്റെ താക്കോല്‍ ഏല്പിച്ചിട്ടുള്ളത്. ഇത് അറിയാവുന്ന ഉടമ അവരില്‍ നിന്ന് താക്കോല്‍ വാങ്ങിയാണ് കൃത്യം ചെയ്തത്. വീടിനകത്ത് കയറാന്‍ പറ്റാത്ത രീതിയില്‍ വരാന്തയിലും മുഴുവന്‍ സാധന സാമഗ്രികളിലും, തയ്യാറാക്കി വച്ചിരുന്ന ഭക്ഷണത്തിന് പുറത്തും കരിഓയിലൊഴിച്ചിട്ടുണ്ട്.
കൊവിഡ് സമയത്തും കൃത്യമായ വാടക നല്‍കിയിരുന്നതായും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖത്തെ തുടര്‍ന്ന്ജോലിക്ക് പോകാത്തതിനെ തുടര്‍ന്നാണ് വാടക കുടിശികയായതെന്നും 5000 രൂപ അഡ്വാന്‍സ് നിലനില്‍ക്കുമ്പോഴാണ് ഉടമ ഇത് ചെയ്തതെന്നും ഉണ്ണി പറഞ്ഞു.