ത്യക്കാക്കര കാക്കനാട് കിൻഫ്രയ്ക്കുസമീപം നിറ്റ ജലാറ്റിൻ കമ്പനിയില്‍ പൊട്ടിത്തെറി. ചൊവ്വ രാത്രി എട്ടിനാണ് അപകടം.ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പഞ്ചാബ് സ്വദേശി രാജൻ ഒറംഗാണ് (30) മരിച്ചത്. ബോയിലറില്‍ വിറക് അടുക്കുന്ന കരാര്‍ ജീവനക്കാരനായിരുന്നു രാജൻ.രാജന്റെ രണ്ട് കൈയും കാലും അറ്റുപോയി. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാലുപേര്‍ പരിക്കുകളോടെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്പനി ഓപ്പറേറ്ററായ ഇടപ്പള്ളി സ്വദേശി വി പി നജീബ്, കരാര്‍ തൊഴിലാളികളുടെ സൂപ്പര്‍വൈസര്‍ കാക്കനാട് തോപ്പില്‍ സ്വദേശി സനീഷ്, അതിഥിത്തൊഴിലാളികളായ കൗഷിബ്, പങ്കജ് എന്നിവരാണ് ചികിത്സയിലുള്ളത്.
നജീബിന്റെയും സനീഷിന്റെയും നില ഗുരുതരമാണ്. കെമിക്കല്‍ ബോട്ടിലുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. തൊഴിലാളികള്‍ ഇതിനുസമീപത്തുള്ള നടപ്പാതയിലൂടെ പോകുന്ന സമയത്താണ് പൊട്ടിത്തെറി നടന്നതെന്നാണ് നിഗമനംതൃക്കാക്കര അസിസ്റ്റന്റ് കമീഷണര്‍ പി വി ബേബിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ മുപ്പതോളം തൊഴിലാളികള്‍ കമ്പനിയിലുണ്ടായിരുന്നു.