തൃശൂർ: പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ നെറ്റ് ബാങ്കിങ്ങ് ബ്ലോക്കാകുമെന്നും കാണിച്ച് ഫോണിലേക്ക് എസ്.ബി.ഐ.ബാങ്കിന്റെ പേരില്‍ വ്യാജ ലിങ്ക് എസ്.എം.എസ്. മുഖാന്തരം അയച്ച് കൊടുത്ത് പണം തട്ടുന്ന കേസിലെ പ്രധാനിയെ കൊല്‍ക്കത്തയില്‍നിന്ന് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സ്വദേശി സൈമണ്‍ ലാല്‍ (28) എന്നയാളെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 2022 ഒ. 16നാണ് കേസിനാസ്പ്ദമായ സംഭവമുണ്ടായത്.തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ നിധിന്‍ എന്നയാളുടെ അഞ്ചര ലക്ഷം രൂപയാണ്നഷ്ടപ്പെട്ടത്. നിധിന്റെ ഫോണിലേക്ക് പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് കാണിച്ച് എസ്.ബി.ഐ. ബാങ്കിന്റെ പേരില്‍ ലിങ്ക് എസ്.എം.എസായി വന്നിരുന്നു. ആ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ എസ്.ബി.ഐയുടേതെന്ന് തോന്നിക്കുന്ന വെബ്‌സൈറ്റ് തുറന്ന് വരികയായിരുന്നു. ഒറിജിനല്‍ സൈറ്റാണെന്ന് ധരിച്ച് പരാതിക്കാരന്‍ തന്റെ യൂസര്‍ നെയിമും പാസ്‌വേഡും ശേഷം ഫോണിലേക്ക് വന്ന ഒ.ടി.പിയും വ്യാജ സൈറ്റില്‍ എന്റര്‍ ചെയ്യുകയായിരുന്നു. ബാങ്ക് വിവരങ്ങള്‍ കൊടുത്ത നിമിഷംതന്നെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അഞ്ചര ലക്ഷം രൂപ നഷ്ടപ്പെട്ട മെസേജ് പരാതിക്കാരന് വന്നു.അപ്പോഴാണ് താന്‍ വിവരങ്ങള്‍ നല്‍കിയ സൈറ്റ് വ്യാജമാണെന്ന് പരാതിക്കാരന് മനസിലായത്. താന്‍ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ പരാതിക്കാരന്‍ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയായിരുന്നു. അന്വേഷണത്തില്‍ പരാതിക്കാരന്റെ പണം നഷ്ടപ്പെട്ടത് ഫ്‌ളിപ്പ്കാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സിലൂടെയായിരുന്നു. പ്രതികള്‍ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സാംസങ്ങിന്റെ ഒരുലക്ഷത്തി അറുപതിനായിരം രൂപ വിലവരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും ഇരുപത്തി അയ്യായിരം രൂപ വിലവരുന്ന മറ്റ് രണ്ട് മൊബൈല്‍ ഫോണുകളും ഇയര്‍ബഡുകളും ഓണ്‍ലൈനിലുടെ പര്‍ച്ചെയ്‌സ് ചെയ്തു. പ്രതികള്‍ പിടിക്കപ്പെടാതിരിക്കാന്‍ ഫോണുകള്‍ ഉപയോഗിക്കാതെ കൊല്‍ക്കത്തയിലുള്ള മൊബൈല്‍ ഷോപ്പുകള്‍ മുഖാന്തിരം മറ്റുവള്ളവര്‍ക്ക് മറിച്ച് വിറ്റ് പണം സമ്ബാദിക്കുകയായിരുന്നു. അന്വേഷണസംഘം രണ്ട് ടീമുകളായി തിരിഞ്ഞ് ജാര്‍ഖണ്ഡിലും കൊല്‍ക്കത്തയിലും രണ്ടാഴ്ച താമസിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് മുഖേന വാങ്ങിയ മൂന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകളും വില്‍പ്പനയ്ക്കായി കൊണ്ടുവന്നിരുന്ന 80000 രൂപയുടെ ഐഫോണും പ്രതിയുടെ പക്കല്‍നിന്ന് പോലീസ് കണ്ടെത്തി. കേരളം ആധാരമാക്കി നടന്നിട്ടുള്ള ലക്ഷക്കണക്കിന് രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിലെ പ്രധാനിയാണ് അറസ്റ്റിലായ സൈമണ്‍ ലാല്‍. ഈ കേസിലേക്ക് ഇനി കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.