ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.1952 ഫെബ്രുവരി 15ന് തിരുവല്ലയിലെ കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി ജനിച്ചു. പിതാവ് കുളത്തുങ്കല്‍ പോത്തന്‍ അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു. സിനിമാ നിര്‍മ്മാതാവായ ഹരിപോത്തന്‍ പ്രതാപിന്റെ ജ്യേഷ്ഠ സഹോദരനാണ്. പ്രതാപ് പോത്തന്റെ പഠനം ഊട്ടിയിലെ ലോറന്‍സ് സ്കൂളിലായിരുന്നു. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്ബത്തിക ശാസ്ത്ര ബിരുദം നേടി. പതിനഞ്ചാം വയസ്സില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മരണപ്പെട്ടു. കോളേജ് പഠനകാലത്ത് പ്രതാപ് പോത്തന്‍ സുഹൃത്തുക്കളോടൊപ്പം നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ചിത്രകലയിലുണ്ടായിരുന്ന താല്പര്യം മാറി പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ബി എ സാമ്ബത്തിക ശാസ്ത്രം കഴിഞ്ഞതിനുശേഷം പ്രതാപ് പോത്തന്‍ 1971- ല്‍ മുംബൈയില്‍ ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പി റൈറ്ററായി ചേര്‍ന്നു. പിന്നീട് പല കമ്ബനികളില്‍ മാറി മാറി ജോലി ചെയ്തു. അതിനുശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്കെത്തുന്നത്. മദ്രാസ് പ്ലേയേര്‍സ് എന്ന തിയറ്റര്‍ ഗ്രൂപ്പില്‍ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയ മികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978-ലായിരുന്നു ആരവം ഇറങ്ങിയത്. 1979-ല്‍ ഭരതന്റെ തകര, 1980-ല്‍ ഭരതന്റെ തന്നെ ചാമരം എന്നീ സിനിമകളില്‍ പ്രതാപ് പോത്തന്‍ നായകനായി. അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വര്‍ഷങ്ങളില്‍ മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ പുരസ്ക്കാരം ലഭിച്ചു. 1980-ല്‍ മാത്രം പത്തോളം സിനിമകളില്‍ പ്രതാപ് പോത്തന്‍ അഭിനയിച്ചു. നെഞ്ചത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, മൂഡുപനി, വരുമയിന്‍ നിറം സിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം സിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്. തുടര്‍ന്ന് 1987 വരെ നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. 1992 വരെ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.