ബംഗളൂരു: തുമകുരുവില്‍ കരടിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. കുനിഗല്‍ താലൂക്കിലെ യേലെകടകലു ഗ്രാമവാസിയായ രാജുവാണ് (34) മരിച്ചത്.വയലില്‍ ജോലിചെയ്യുന്നതിനിടെ ഇയാളെ കരടി ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് സമീപവാസികള്‍ എത്തിയതോടെ കരടി ഓടിമറഞ്ഞെങ്കിലും രാജുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് തുമകുരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണകാരിയായ കരടിയെ പിടികൂടാന്‍ വനം വകുപ്പ് സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. മരിച്ച കര്‍ഷകന്‍റെ കുടുംബത്തിന് ഏഴരലക്ഷം രൂപ സഹായധനം കൈമാറുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒരുമാസത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ഡിസംബര്‍ ഒന്നിന് മൈസൂരുവിലെ ടി. നരസിപുരയില്‍ പുലിയുടെ ആക്രമണത്തില്‍ 22കാരിയായ കോളജ് വിദ്യാര്‍ഥിനി മരിച്ചിരുന്നു.