ഭിന്ദ് : പശുവിനെ രക്ഷിക്കാൻ ഡാമിലേക്കു ചാടിയ കർഷകനും രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ടു സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റെസ്പോണ്‍സ് ഫോഴ്സ്(എസ്ഡിഇആർഎഫ്) അംഗങ്ങളും മുങ്ങിമരിച്ചു.മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണു സംഭവം.
കുൻവാരി നദിയിലെ ഡാമിലെ സ്ലൂയിസ് ഗേറ്റില്‍ പശു കുടുങ്ങുകയായിരുന്നു. പശുവിനെ രക്ഷിക്കാൻ ഉടമ വിജയ് സിംഗും ബന്ധു ദിനേശ് ഭദോരിയയും വെള്ളത്തിലേക്കു ചാടി. വിജയിനെ വടം ഉപയോഗിച്ച് രക്ഷപ്പെടുത്തിയെങ്കിലും മരിച്ചു.
ഒഴുക്കില്‍പ്പെട്ട ദിനേശിനെ നദിയുടെ മധ്യഭാഗത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയതോടെ മൂന്ന് എസ്ഡിഇആർഎഫ് അംഗങ്ങള്‍ രക്ഷാപ്രവർത്തനത്തിനെത്തി. ലൈഫ് ജാക്കറ്റ് ധരിച്ച് നദിയിലിറങ്ങിയ രക്ഷാപ്രവർത്തകരുടെ ബോട്ട് നിയന്ത്രണം വിട്ട് മറിഞ്ഞു. ജവാന്മാരായ പ്രവീണ്‍ കുശ്വാഹ, ഹർദാസ് ചൗഹാൻ എന്നിവർ മുങ്ങിമരിച്ചു.ഒരു ജവാൻ നീന്തി രക്ഷപ്പെട്ടു. നൂറിലേറെ രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലില്‍ ഇന്നലെ വൈകുന്നേരം എസ്ഡിഇആർഎഫ് ജവാന്മാരുടെ മൃതദേഹം കണ്ടെത്തി.